പണിക്കന്‍കുടി കൊലപാതകം; പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണം, സിന്ധുവിന്റെ മൃതദേഹം പുറത്തെടുത്തു
ഇടുക്കി: പണിക്കന്‍കുടിയില്‍ യുവതിയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. സിന്ധുവിനെ കൊലപ്പടുത്തിയതാകാമെന്ന് മകന്‍ മൊഴി നല്‍കിയിട്ടും പോലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊല്ലപ്പെട്ട സിന്ധുവിന്റെ മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയ ശേഷം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് കുഴിച്ചു മൂടിയത്. തിരിച്ചറിയാതിരിക്കാന്‍ തറ പൂര്‍വ്വാവസ്ഥയില്‍ ആക്കിയ ശേഷം ചാരം വിതറിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
പോലീസ് നായ മണം പിടിച്ച് എത്താതിരിക്കാന്‍ മുളകുപൊടിയും വിതറിയിരുന്നു. അടുക്കളയില്‍ മണ്ണ് മാറ്റിയെന്ന് സിന്ധുവിന്റെ മകന്‍ പോലീസിനോട് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സിന്ധുവിനെ ഒപ്പം താമസിച്ചിരുന്ന ബിനോയ് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. ഇയാള്‍ ഒളിവിലാണ്. ഇന്നലെയാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ കുഴിച്ചു മൂടിയ നിലയില്‍ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 12നാണ് സിന്ധുവിനെ കാണാതായത്. ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയില്‍ മകനുമായി വാടകയ്ക്ക് താമസിച്ചിരുന്ന സിന്ധു പിന്നീട് ബിനോയിയുമായി പരിചയത്തിലാകുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. സിന്ധുവിനെ കാണാതായതോടെ അമ്മ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ബിനോയിയെയും കാണാതായി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബിനോയി അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്നാണ് കരുതുന്നത്.
അടുത്തിടെ സിന്ധുവും ബിനോയിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ബിനോയി സിന്ധുവിനെ മര്‍ദ്ദിച്ചിരുന്നതായും യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സിന്ധുവിനെ കാണാതായതിന് ശേഷം ബിനോയിയുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയതാണ് പരാതി നല്‍കാന്‍ കാരണം.