അനാവശ്യ പരിപാടികളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്; കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

 
പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന സേന എന്ന നിലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറ്റത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന സേന എന്ന നിലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറ്റത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി. യൂണിഫോം ധരിച്ച് പോലീസുകാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ജാഗ്രത പുലര്‍ത്തണം. അനാവശ്യ പരിപാടികളില്‍ പോലീസുകാര്‍ പങ്കെടുക്കരുതെന്നും പിണറായി നിര്‍ദേശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. പോലീസ് സേനയ്‌ക്കെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സംസ്ഥാന പോലീസ് ആസ്ഥാനത്തായിരുന്നു യോഗം.

കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതു മുതല്‍ മോന്‍സണ്‍ വിഷയത്തില്‍ വരെ പോലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആറ്റിങ്ങലില്‍ മത്സ്യവില്‍പ്പന നടത്തിയ സ്ത്രീയോട് മോശമായി പെരുമാറിയതും, കൊല്ലത്ത് യുവതിയുമായി പോലീസുകാരന്‍ വാക്കേറ്റത്തിലേര്‍പ്പടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധ വേണമെന്ന് പിണറായി പറഞ്ഞു.

സ്ത്രീ പീഡനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ ഒരു വീഴ്ചയും പാടില്ല. കേസ് അന്വേഷണത്തില്‍ കാലതാമസമുണ്ടായെന്ന പരാതിക്ക് ഇടവരുത്തരുത്. ഇരയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നടപടിയാകണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത്തരം പരാതികളിലെ അന്വേഷണ പുരോഗതി ഡി.ഐ.ജി  റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വിലയിരുത്തണമെന്നും ഒരു വിട്ടുവീഴ്ചയും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.