രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞേക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടെന്ന് സൂചന

 


നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് ഒഴിഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടതായാണ് സൂചന. നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സർക്കാരിന് മേൽ സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണ് നീക്കം. ആരോപണങ്ങൾ ഗൗരവതരമാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ വായനാട്ടിലുള്ള രഞ്ജിത്ത് വാഹനത്തിൽ നിന്ന് ഒദ്യോഗിക പദവി സംബന്ധിച്ച നെയിം ബോർഡ് മാറ്റിയതായാണ് വിവരം.

ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.