വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍;  നിയമ നടപടി സ്വീകരിക്കുമെന്ന് ഇസ്രയേലില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയുടെ ഭര്‍ത്താവ്

 
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്. സൗമ്യയെ മതംമാറ്റിയെന്ന പരാമര്‍ശത്തിലാണ് വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് സന്തോഷ് രംഗത്തെത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്ന് സന്തോഷ് പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സന്തോഷ് വ്യക്തമാക്കി.

ഈഴവ സമുദായാംഗമായ സൗമ്യയെ മതംമാറ്റിയാണ് സന്തോഷ് വിവാഹം കഴിച്ചതെന്നും സൗമ്യയുടെ മൃതദേഹം പള്ളിയിലാണ് അടക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സൗമ്യക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കാതെ ഭര്‍ത്താവ് ഒറ്റയ്ക്ക് അനുഭവിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. താന്‍ ആരെയും നിര്‍ബന്ധിച്ച് മതംമാറ്റിയിട്ടില്ലെന്നും സൗമ്യയുടെ വീട്ടുകാര്‍ മുന്‍കയ്യെടുത്താണ് വിവാഹം നടത്തിയതെന്നും സന്തോഷ് വ്യക്തമാക്കി.

സൗമ്യയുടെ മാതാപിതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഭാര്യയുടെ വിയോഗത്തില്‍ സങ്കടപ്പെട്ട് കഴിയുന്ന തനിക്കും കുടുംബത്തിനും എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആരോപണങ്ങളാണ് ഇവയെന്നും സന്തോഷ് കുറ്റപ്പെടുത്തി.

10 വര്‍ഷത്തോളം ഇസ്രയേലിലെ അഷ്‌കലോണില്‍ ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ ഹമാസ് റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സന്തോഷുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തില്‍ റോക്കറ്റ് പതിച്ചത്.