വിഎസിന്റെ കത്ത് കണ്ടിട്ടില്ല: യച്ചൂരി

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് കണ്ടിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി. കത്ത് കണ്ടാൽ മാത്രമേ പ്രതികരിക്കാൻ സാധിക്കൂ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ യെച്ചൂരി നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.
 


കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് കണ്ടിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി. കത്ത് കണ്ടാൽ മാത്രമേ പ്രതികരിക്കാൻ സാധിക്കൂ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ യെച്ചൂരി നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.

വി.എസ്. പിബിക്ക് അയച്ച കത്ത് സിപിഎമ്മിൽ വൻ പൊട്ടിത്തെറിക്കാണ് ഇടയാക്കിയത്. പിണറായി വിജയനെതിരേ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച കത്ത് മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് വി.എസിനെതിരേ പ്രമേയം അവതരിപ്പിച്ചിരുന്നു. വി.എസ് അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയത്തിൽ പറഞ്ഞിരുന്നു. വി.എസിന്റെ കുറിപ്പിലെ നിലപാടുകൾ നേരത്തേ നേതൃത്വം തള്ളിക്കളഞ്ഞതാണ്. അച്ചടക്ക ലംഘനം അവസാനിപ്പിക്കാത്തതിനാലാണ് വി.എസിനെ പി.ബിയിൽ നിന്നും പുറത്താക്കിയത്. പാർട്ടിക്കെതിരായ പ്രസ്താവനകളും വിലക്കിയിരുന്നു. പാർട്ടി വിരുദ്ധ മാനസികാവസ്ഥയിലേയ്ക്ക് വി.എസ് തരംതാഴ്ന്നതായും പിണറായി പറഞ്ഞു.

എന്നാൽ പിണറായിയുടെ പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് വി.എസ്. പ്രതികരിച്ചത്. താൻ കത്തുനൽകിയത് പിബിക്കാണ്. പോളിറ്റ് ബ്യൂറോയിൽ നിന്നുള്ള മറുപടിയാണ് പ്രതീക്ഷിക്കുന്നത്. പിബി നേതാക്കൾ എത്തുമ്പോൾ അവരോട് സംസാരിക്കും. അയാൾ ( പിണറായി വിജയൻ) തനിക്കെതിരേ എന്തോ നടപടിയെടുത്തുവെന്ന് കേട്ടുവെന്നും പാർട്ടി സംമ്മേളന കാലത്ത് അച്ചടക്ക നടപടി പാടില്ലെന്ന സംഘടനാ തത്വം പിണറായി ലംഘിച്ചുവെന്നും വി.എസ്. കുറ്റപ്പെടുത്തി.