ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയില്‍ പ്രതികരിക്കാന്‍ സുരേന്ദ്രനെത്തിയത് ചിരിച്ചുകൊണ്ട്; രോഷവുമായി അണികള്‍

 

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചിരിച്ചത് വിവാദത്തില്‍. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് മുന്‍പായി സുരേന്ദ്രന്‍ ചിരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി അണികളാണ് രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നിലെത്തിയ സുരേന്ദ്രന്‍ തന്നെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണെന്ന് ആരോ തമാശ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ടാണ് പ്രതികരണത്തിലേക്ക് കടന്നത്. സുരേന്ദ്രന്റെ ഫെയിസ്ബുക്ക് പേജില്‍ ലൈവിലൂടെ ഇത് ആയിരക്കണക്കിന് പേര്‍ കാണുകയും ചെയ്തു.

ഇതിന് തൊട്ടുപിന്നാലെ അണികള്‍ കമന്റില്‍ രോഷപ്രകടനവുമായി എത്തി. അണികള്‍ കൊല്ലപ്പെടുമ്പോള്‍ ചിരിക്കുന്നതാണല്ലോ പതിവ്, ചിരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നു. അണികള്‍ മരിച്ചു വിഴുന്നു, നേതാക്കന്മാര്‍ ചിരിച്ചു രസിക്കുന്നു കഷ്ട്ടം, ഈ കാര്യത്തില്‍ സി.പി.ഐ.എം നേതാക്കളെയാണ് കണ്ടുപഠിക്കേണ്ടത്, ചിരിക്കാന്‍ നാണം ഇല്ലേ എന്നിങ്ങനെയായിരുന്നു കമന്റുകള്‍

അതേസമയം, അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ ക്രമസമാധാനനില പോകുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.