മൊഫിയയുടെ ആത്മഹത്യയില്‍ സമരം ചെയ്തവര്‍ക്കെതിരെ തീവ്രവാദബന്ധ ആരോപണം; എസ്പിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി

 

ആലുവയില്‍ മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് സ്‌റ്റേഷനില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദബന്ധം ആരോപിച്ച പോലീസ് നടപടിയില്‍ ഇടപെട്ട് മുഖ്യമന്ത്രി. റൂറല്‍ എസ്പി കാര്‍ത്തിക്കിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി വിശദീകരണം തേടി. ആലുവ ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയെയും ഡിവൈഎസ്പിയെയും വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു.

സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത എസ്‌ഐ വിനോദ്, ഗ്രേഡ് എസ്‌ഐ രാജേഷ് എന്നിവരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതിന് പിന്നാലെ ആലുവ സിഐ സൈജു പോള്‍ അവധിയില്‍ പ്രവേശിച്ചു. കസ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ സി.ഐക്ക് വീഴ്ച സംഭവിച്ചു എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് പോലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്. ഇത് വിവാദമാകുകയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപി വിശദീകരണം തേടിയതിന് ശേഷമാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.