ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലീം സമുദായം; ഇസ്ലാമില്‍ ലൗ ജിഹാദ് ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍

 
ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സമസ്ത

ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സമസ്ത. ഇസ്ലാമില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലര്‍ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഇതിന് മതപരമായ പിന്‍ബലമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം. മുസ്ലീങ്ങള്‍ക്ക് ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്ന അജണ്ട ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനായാണ്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍. ഇത് തെറ്റാണ്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ ഒരു വിഭാത്തെ വേദനിപ്പിക്കുന്നതായി. തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്.

താമരശേരി രൂപത ഇറക്കിയ കൈപുസ്തകത്തിലെ പരാമര്‍ശങ്ങള്‍ തെറ്റാണ്. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകര്‍ക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ബിഷപ്പുമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.