ജോജുവിന്റെ കാര്‍ തകര്‍ത്തത് പാര്‍ട്ടി അന്വേഷിക്കും; കെ.സി.വേണുഗോപാല്‍
ജോജുവിന്റെ കാര്‍ തകര്‍ത്തത് പാര്‍ട്ടി അന്വേഷിക്കും; കെ.സി.വേണുഗോപാല്‍
ഉപരോധ സമരത്തിനിടെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത സംഭവം കോണ്‍ഗ്രസ് അന്വേഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് തോന്നുന്നത്. അന്വേഷിക്കുകതന്നെ ചെയ്യും. പക്ഷെ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസിലാക്കണം. ഇന്നും പാചക വാതകത്തിന്റെ വിലകൂട്ടി. രാജ്യത്ത് കോണ്‍ഗ്രസ് ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുണ്ട്. വരുന്ന 14 മുതല്‍ 29 വരെ ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുകയാണ്. പക്ഷെ മോദി സര്‍ക്കാര്‍ ഇതൊന്നും കേള്‍ക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അതേക്കുറിച്ച് ചര്‍ച്ച വേണ്ടേ? സമര മാര്‍ഗങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെ പ്രതിഷേധ സ്വരങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.
ജോജു സമരക്കാര്‍ക്ക് നേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നുവെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞത്. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണ് അതെന്നും അതില്‍ അത്ഭുതപ്പെടാനില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.