കോട്ടയത്ത് ഇരട്ട സഹോദരന്‍മാര്‍ തൂങ്ങിമരിച്ച നിലയില്‍

കടുവാക്കുളത്ത് ഇരട്ട സഹോദരന്മാരെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
 

കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരന്‍മാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാട് പുതുപ്പറമ്പില്‍ നസീര്‍, നിസാര്‍ എന്നിവരാണ് തൂങ്ങിമരിച്ചത്. ഇവരെ രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്ന് കരുതുന്നു. ഇവരും അമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.

രാവിലെ കാപ്പിയുമായി എത്തിയ അമ്മയാണ് ഒരു മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് രണ്ടാമത്തെയാളും മരിച്ചതായി വ്യക്തമായത്. ക്രെയിന്‍ സര്‍വീസ് ജീവനക്കാരായിരുന്ന ഇവര്‍ക്ക് ക്രെയിന്‍ സര്‍വീസ് ഉടമയുടെ മരണത്തോടെ ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് മറ്റു ജോലികള്‍ ചെയ്തു വരികയായിരുന്നു. ലോക്ക് ഡൗണില്‍ കൂലിപ്പണിയും ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.

ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണി മൂലമാണ് ആത്മഹത്യയെന്ന് നാട്ടുകാര്‍ പറയുന്നു. അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ ആളുകള്‍ എത്തിയിരുന്നു. ഇവര്‍ക്ക് മറ്റു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്.