ചെരാനല്ലൂരിൽ യുവതിക്ക് മർദ്ദനമേറ്റ സംഭവം; പോലീസുകാരെ സസ്പെൻഡ് ചെയ്തു
കൊച്ചി: ചെരാനല്ലൂരിൽ പോലീസ് കസ്റ്റഡിയിൽ വച്ച് യുവതിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ പോലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്കാണ് സസ്പെൻഷൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഐ.ജി. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്.ഐ സാംസൺ, ഡബ്ലു.പി.സി. സുനിത, സി.പി.ഒ ശ്രീജി എന്നിവർക്കാണ് സസ്പെൻഷനെന്നാണ് റിപ്പോർട്ട്.
എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു യുവതി. കഴിഞ്ഞ മാസം 23 നാണ് ഇവിടെ നിന്നും മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ പോലീസ് ക്രൂരമായി മർദ്ദിച്ചത്. പോലീസിന്റെ ചവിട്ടേറ്റ് ഇവരുടെ നട്ടെല്ലിന് പൊട്ടലുണ്ടായതായി ചികിത്സിക്കുന്ന ഡോക്ടറുടെ രേഖകളും സാക്ഷ്യപ്പെടുത്തുന്നു.