കിൻഫ്രയുടെ പെട്രോകെമിക്കൽ പാർക്ക് 2024ൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പി രാജീവ്; ദക്ഷിണേന്ത്യയിലെ 12 മികച്ച വ്യവസായ പാർക്കുകളിൽ അഞ്ചും കിൻഫ്രയുടേത്

 

കിന്‍ഫ്രയുടെ കീഴിലുള്ള നിര്‍ദ്ദിഷ്ട പെട്രോ കെമിക്കല്‍ പാര്‍ക്ക് 2024 ല്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പാര്‍ക്ക് ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് തന്നെ അവിടെ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യത്തെ സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ സ്‌പൈസസ് പാർക്കിന്റെ രണ്ടാംഘട്ടം 2024 ൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യയിലെ 12 മികച്ച വ്യവസായപാര്‍ക്കുകളില്‍ അഞ്ചും കിൻഫ്രയുടേതാണെന്നുള്ളതിൽ നമുക് അഭിമാനിക്കാം. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 1834 കോടിയുടെ നിക്ഷേപം കിൻഫ്ര പാർക്കുകളിൽ വന്നു. അതിലൂടെ 25601 തൊഴിലവരസങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ഈ സര്‍ക്കാര്‍ 11 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. ഈ വര്‍ഷം 30 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി ആരംഭിക്കും. ഇതോടെ 500 ഏക്കര്‍ സ്ഥലം വ്യവസായ പാര്‍ക്കായി മാറുമെന്നും മന്ത്രി പറഞ്ഞു. ചെറുതോണിയില്‍ ജലവിഭവ വകുപ്പ് നല്‍കിയ പത്തേക്കര്‍ സ്ഥലത്ത് ഭക്ഷ്യസംസ്കരണ പാര്‍ക്ക് ആരംഭിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

തൊടുപുഴയ്ക്ക് സമീപം തുടങ്ങനാട് പ്രവർത്തനമാരംഭിച്ച സംസ്ഥാന സർക്കാരിന്റെ ആദ്യ സ്പൈസസ് പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നാടിന് സമർപ്പിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് ആഗോളവിപണിയിൽ മത്സരിക്കാനും വിജയിക്കാനുമുള്ള ശേഷി വളർത്തിയെടുക്കലാണ് വ്യവസായ പാർക്കുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡോക്യൂമെന്റേഷൻ സെന്റർ, കോൺഫറൻസ് ഹാൾ, കാന്റീൻ, അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ ഉൾക്കൊള്ളുന്ന ഓഫിസ് കെട്ടിടം, വിശ്രമ കേന്ദ്രം, എ ടി എം കൗണ്ടർ എന്നിവ പാർക്കിൽ സജ്ജമാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎ മാരായ എം എം മണി, എ രാജ, ജില്ലാ കളക്ടർ ഷീബ ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.