കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്; തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റില്‍
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനത്ത് തിരിച്ചെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.
ആരോഗ്യ കാരണങ്ങളും ബിനീഷ് കോടിയേരിയുടെ അറസ്റ്റും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ കാരണമായത്. അര്‍ബുദ ചികിത്സയ്ക്കായി പാര്‍ട്ടി പിന്നീട് കോടിയേരിക്ക് അവധി അനുവദിച്ചു. സ്ഥാനത്തുനിന്ന് മാറി നില്‍ക്കാനുള്ള സന്നദ്ധത കോടിയേരി അന്ന് സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചിരുന്നു.
ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് കോടിയേരി തിരിച്ചെത്തുന്നത്. നിലവില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരികയാണ്. അതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതലയേറ്റെടുക്കണമെന്ന് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.