കോട്ടയത്ത് 19 കാരന്റെ കൊല ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മൂലമെന്ന് പോലീസ്

 

കോട്ടയത്ത് 19കാരനെ കൊലപ്പെടുത്തി മൃതദേഹവുമായി പ്രതി പോലീസ് സ്‌റ്റേഷനില്‍ എത്തിയ സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പോലീസ്. സൂര്യന്‍ എന്ന് അറിയപ്പെടുന്ന ഗുണ്ടാനേതാവ് ശരത് രാജിനോടുള്ള പകയാണ് ഷാന്‍ ബാബു ജോസഫിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. മറ്റൊരു കൊലക്കേസില്‍ സൂര്യനാണ് തന്നെ ഒറ്റിക്കൊടുത്തതെന്ന് ജോമോന് സംശയമുണ്ടായിരുന്നു. സൂര്യനെ കണ്ടെത്താന്‍ സൂര്യനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷാന്‍ ബാബുവിനെ ഉപയോഗിക്കുകയായിരുന്നു ജോമോന്‍. 

കൊടൈക്കനാലിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങള്‍ സൂര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു. ഷാന്‍ ജോസഫിന്റെ ചിത്രവും ഇതില്‍ ഉണ്ടായിരുന്നു. ഇതാണ് ഷാനെ തട്ടിക്കൊണ്ടുപോയി സൂര്യനിലേക്ക് എത്താന്‍ ജോമോനെ പ്രേരിപ്പിച്ചത്. കൊല്ലപ്പെട്ട ഷാന്‍ ബാബുവിന് ക്രൂരമര്‍ദ്ദനമാണ് ഏറ്റത്. ജോമോനും സംഘവും ഷാന്‍ ബാബുവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. കണ്ണില്‍ വിരല്‍കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ശരീരത്തില്‍ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മര്‍ദ്ദിച്ചു. 

ഇതിന്റെ ക്ഷതങ്ങള്‍ മൃതദേഹത്തിലുണ്ട്. തലയ്ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമാണ് ഷാനിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക പരിശോധനയില്‍ പറയുന്നു. ഇന്നലെ രാവിലെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലാണ് ജോമോന്‍ ഷാന്‍ ബാബു ജോസഫിന്റെ മൃതദേഹവുമായി എത്തി കീഴടങ്ങിയത്. 

ഞായറാഴ്ച രാത്രി 9.30-ന് വീടിനു സമീപത്തുനിന്ന് കൂട്ടിക്കൊണ്ടുപോയ മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മയും ബന്ധുക്കളും രാത്രി ഒന്നരയ്ക്ക് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പിന്നീട് മൃതദേഹവും ചുമന്ന് പ്രതി സ്റ്റേഷനില്‍ എത്തുകയായിരുന്നു.