കേരളത്തിൽ കോവിഡ് മരണനിരക്ക് ഉയരുന്നു; മരിച്ചവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത്
 

 

കോവിഡ് മരണ നിരക്കില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയെയും തമിഴ്‌നാടിനെയും പിന്നിലാക്കിക്കൊണ്ടാണ് കേരളം കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് പുറത്തുവിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച് 38,737 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. 1.41 ലക്ഷം പേര്‍ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

കര്‍ണാടകയില്‍ 38,185 പേരും തമിഴ്‌നാട്ടില്‍ 36,415 പേരും കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്താത്ത മരണങ്ങള്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഉള്‍പ്പെടുത്തി തുടങ്ങിയതോടെയാണ് കേരളത്തിലെ മരണസംഖ്യ ഇത്രയും ഉയര്‍ന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപ്പീല്‍ നല്‍കിയ 328 മരണങ്ങളാണ് വ്യാഴാഴ്ച മാത്രം കേരളം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം തമിഴ്‌നാട്ടില്‍ 3 മരണങ്ങളും കര്‍ണാടകയില്‍ 14 മരണങ്ങളും മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന മരണനിരക്കും കേരളത്തില്‍ തന്നെയാണ്. മുന്‍പ് ചേര്‍ക്കാത്ത മരണങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇത് വലിയ സംഖ്യയായി മാറുന്നു. വ്യാഴാഴ്ച മാത്രം 56 മരണങ്ങള്‍ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചപ്പോള്‍ അപ്പീല്‍ അനുസരിച്ചുള്ള 328 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 0.74 ശതമാനം വര്‍ദ്ധനവാണ് മരണനിരക്കില്‍ വ്യാഴാഴ്ചയുണ്ടായത്. ഒക്ടോബര്‍ 22 മുതല്‍ അപ്പീലിലൂടെ 9598 മരണങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളുടെ യഥാര്‍ത്ഥ സംഖ്യ ഇപ്പോഴാണ് പുറത്തു വരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. 

അപ്പീല്‍ മരണങ്ങള്‍ രേഖപ്പെടുത്തുന്നതിന് മുന്‍പ് രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായിരുന്നു കേരളം. കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനത്തിന്റെ മികവായി സര്‍ക്കാര്‍ ഇതിനെ എടുത്തു കാട്ടിയിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ ഈ അവകാശവാദങ്ങള്‍ക്ക് നേരെ ഉയരുന്ന കുന്തമുനയായേക്കും. കോവിഡ് മരണങ്ങള്‍ സംസ്ഥാനം മറച്ചുവെക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. 

കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതില്‍ സംസ്ഥാനത്തിനുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ കേരളത്തെ കുറ്റപ്പെടുത്തുന്നു. 2021 ജൂണ്‍ 18 വരെയുള്ള അപ്പീലുകളിലാണ് നിലവില്‍ തീരുമാനം എടുത്തു കൊണ്ടിരിക്കുന്നത്. 15,405 അപ്പീലുകള്‍ കൂടി ഇനി പരിഗണിക്കാനുണ്ട്. ഇവയില്‍ കൂടി അന്തിമ തീരുമാനം എടുക്കുന്നതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 50,000 പിന്നിടുമെന്നാണ് വിലയിരുത്തല്‍.