കോവിഡ്: നാല് ജില്ലകൾ കൂടി സി കാറ്റ​ഗറിയിൽ; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ സി-വിഭാഗത്തില്‍
 

തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളിൽ കൂടി സി കാറ്റഗറിയിലുള്ള കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് സി-വിഭാഗത്തില്‍ ഉൾപ്പെടുക.  മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം ആണ് ഇക്കാര്യം  തീരുമാനിച്ചത്. തിരുവനന്തപുരം ജില്ല നേരത്തെ തന്നെ സി കാറ്റഗറി നിയന്ത്രണത്തിലാണ്.  ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് നിയന്ത്രണം. 

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ ബി വിഭാഗത്തിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ എ വിഭാഗത്തിലുമാണ്.   ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികളാകുമ്പോഴാണ് ഒരു ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. 

നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഈ ജില്ലകളിൽ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ ഒരു ഒത്തുചേരലുകളും പാടില്ല. മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. സിനിമാ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനവും അനുവദിക്കില്ല.

എല്ലാ ക്ലാസുകളും (ട്യൂഷൻ സെൻററുകൾ ഉൾപ്പെടെ) രണ്ടാഴ്ച ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ  ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർ നില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം. റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയിൽ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.