വീണ്ടും മൂന്നു ലക്ഷം കടന്ന് കോവിഡ് രോഗികള്‍; ടിപിആര്‍ 20 ശതമാനത്തിന് മുകളില്‍ 

 

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്നു ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 3,06,064 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 3.95 കോടി ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 

രാജ്യത്തെ ടിപിആര്‍ നിരക്കും ഒരു ദിവസത്തിനിടെ കുതിച്ചുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച 17.78 ശതമാനമായിരുന്നു ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച രാവിലെ ഇത് 20.75 ശതമാനമായി ഉയര്‍ന്നു. 439 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,48,848 ആയി ഉയര്‍ന്നു. 

മഹാരാഷ്ട്രയില്‍ 40,805 കേസുകളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 2550 കേസുകള്‍ സ്ഥിരീകരിച്ചു. 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ ഇന്നു മുതല്‍ വീണ്ടും തുറക്കുകയാണ്. കര്‍ണാകയില്‍ 50,210 കേസുകളും തമിഴ്‌നാട്ടില്‍ 30,580 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.