കോഴിക്കോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പെണ്‍കുട്ടി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

 

പൊതുസ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോഴിക്കോട് നഗരത്തില്‍ രാവിലെ 9 മണിയോടെയാണ് സംഭവം. കോഴിക്കോട് പാളയം സ്വദേശിയായ ബിജു (30) ആണ് പിടിയിലായത്. ഇയാളെ കസബ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് വരുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്.

സ്‌കൂളിന് അടുത്ത് വെച്ച് പെണ്‍കുട്ടിയെ യുവാവ് പിന്നിലൂടെയെത്തി കടന്നു പിടിക്കുകയായിരുന്നു. ഇതിന് ശേഷം കുതറിയോടിയ ബിജു മറ്റൊരു പെണ്‍കുട്ടിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വലിച്ചു വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ കൂടുകയും യുവാവിനെ തടഞ്ഞുവെക്കുകയും ചെയ്തു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പിങ്ക് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തുമെന്ന് പോലീസ് അറിയിച്ചു.