ലഖിംപൂര്‍ ഖേഡിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

 
ലഖിംപൂര്‍ ഖേഡിയില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ലഖ്‌നൗ: ലഖിംപൂര്‍ ഖേഡിയില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസാണ് ഇത് പുറത്തു വിട്ടത്. പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എത്തിയ 25 സെക്കന്‍ഡ് വീഡിയോയാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്.

പ്രകടനമായി നീങ്ങിയ കര്‍ഷകര്‍ക്ക് ഇടയിലേക്ക് പിന്നിലൂടെ വാഹനം ഇടിച്ചു കയറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനമാണ് പ്രക്ഷോഭകര്‍ക്കുനേരെ പാഞ്ഞുകയറിയത് എന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് ലഖിംപൂര്‍ ഖേഡിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. അതേസമയം കേന്ദ്രമന്ത്രിയും മകനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുപോലും ഇല്ലായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

വീഡിയോ കാണാം