പാലക്കാട് കമ്പിവേലിയിൽ കുടുങ്ങി വനംവകുപ്പിന്റെ കൂട്ടിലായ പുലി ചത്തു
കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ സാഹസികമായി കൂട്ടിലാക്കിയതിനുപിന്നാലെ പുലി ചത്തു. വൈകിട്ടോടെ പറമ്പികുളത്തേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു പുലി ചത്തത്. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല. ആന്തരിക മുറിവോ മറ്റോ ആയിരിക്കാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞതിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരൂ.
കൂട്ടിലാക്കിയ പുലിയെ നാലുമണിക്കൂർ നിരീക്ഷണത്തിൽ വെച്ച് പറമ്പികുളത്തേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, പുലി എഴുന്നേൽക്കാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ചത്തവിവരം മനസിലാകുന്നത്.
നാല് വയസ് തോന്നിക്കുന്ന പെൺപുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയിൽ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്. കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷം അതിസാഹസികമായിട്ടായിരുന്നു ആർ.ആർ.ടി. സംഘം പുലിയെ കൂട്ടിലാക്കിയത്.