‘സമൂഹങ്ങൾ നയിക്കട്ടെ’; ഇന്ന് ലോക എയ്ഡ്സ് ദിനം
എല്ലാ വർഷവും ഡിസംബർ 1 എയ്ഡ്സ് ദിനമായി ലോകമെങ്ങും ആചരിക്കുകയാണ്. മനുഷ്യരാശിയെ തന്നെ ഭീതിയിലാഴ്ത്തിയ ഈ മഹാവിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും എച്ച്ഐവി രോഗബാധിതരായവർക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. ‘സമൂഹങ്ങൾ നയിക്കട്ടെ’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. എച്ച്.ഐ.വി ബാധിതർക്കും, രോഗബാധ സാദ്ധ്യത കൂടുതലുളളവർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സമൂഹത്തിന് സൂപ്രധാന പങ്കാണ് നിർവഹിക്കാനുളളത്.
എച്ച്.ഐ.വി. (ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധിക്കുന്നതിലൂടെ മനുഷ്യന് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും അത് മുഖേനെ മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. അക്വേയ്ഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രോം എന്നതിന്റെ ചുരുക്ക രൂപമാണ് എയ്ഡ്‌സ്. 1981 മുതലാണ് എയ്ഡ്സ് ഒരു രോഗമായി പ്രത്യേകം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലവും, രോഗിയുടെ ശരീരത്തിൽ ഉപയോഗിക്കുന്ന കുത്തിവയ്പ്പ് മറ്റൊരാൾക്ക് ഉപയോഗിക്കുന്നതിലൂടെയും, രോഗിയുടെ രക്തം മറ്റൊരാൾക്ക് കൈമാറുന്നതിലൂടെയും, എച്ച് ഐ വി ബാധിതയായ ഗർഭിണിയുടെ ശരീരത്തിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിലേക്കും വൈറസ് പകരാം.
എയ്ഡ്‌സിന്റെ ആദ്യ നാളുകളിൽ ഒരു തരത്തിലുമുള്ള ലക്ഷണങ്ങളും ഉണ്ടാകാറില്ല. ഒരു വ്യക്തി സാധാരണ ദിവസം പോലെ ആരോഗ്യവാനായിരിക്കും. ഏതാനും വർഷങ്ങൾക്ക് ശേഷം മാത്രമേ അതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ. പനി, ക്ഷീണം, വരണ്ട ചുമ, ശരീരഭാരം കുറയൽ, ചർമ്മത്തിൽ, വായ, കണ്ണ് അല്ലെങ്കിൽ മൂക്ക് എന്നിവയ്ക്ക് ചുറ്റുമുള്ള പാടുകൾ, കാലക്രമേണ ഓർമ്മക്കുറവ്, ശരീരവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. തൊണ്ടവേദനയോ വീർത്ത ഗ്രന്ഥികളോ അവഗണിക്കരുത്. ചർമ്മത്തിലെ ചുണങ്ങു, പേശി വേദന എന്നിവ എച്ച്‌ഐവി അണുബാധയുടെ ലക്ഷണങ്ങളായിരിക്കാം. തൊണ്ടയിലോ വായിലോ ജനനേന്ദ്രിയത്തിലോ ഉണ്ടാകുന്ന വ്രണങ്ങൾ എച്ച്‌ഐവി അണുബാധയുടെ ലക്ഷണമാണ്. എയ്ഡ്സ് രോഗികളിൽ രാത്രി വിയർപ്പ് കൂടുതലാണ്. വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങളും കണ്ടുവരാം.
ബോധവൽക്കരണമാണ് ഈ രോഗം തടയാനുള്ള ഏക പോംവഴി. അതിനാൽ എയ്ഡ്സിന്റെ ലക്ഷണങ്ങളും ഘടകങ്ങളും പ്രതിരോധ രീതികളും അറിയേണ്ടത് വളരെ പ്രധാനമാണ്. എച്ച്‌ഐവി ബാധിതനായ ഒരാൾ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുകയാണെങ്കിൽ, ജീവിതം സാധാരണ നിലയിലാകുമെന്ന് ഡോക്ടർമാർ പറയുന്നു.