ക്രിസ്തുമസ് തലേന്നത്തെ മദ്യവില്‍പന; ഒന്നാം സ്ഥാനം തിരുവനന്തപുരത്ത്, രണ്ടും മൂന്നും തൃശൂരില്‍

 

ക്രിസ്തുമസ് തലേന്നത്തെ മദ്യവില്‍പനയില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് ഒന്നാം സ്ഥാനം. ഡിസംബര്‍ 24ന് 73.53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെനിന്ന് വിറ്റുപോയത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി ബെവ്‌കോ ഔട്ട്‌ലെറ്റിനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. 70.72 ലക്ഷം രൂപയുടെ  കച്ചവടം ഇവിടെ നടന്നു. 63.60 ലക്ഷം രൂപയുടെ വില്‍പന നടന്ന ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് മൂന്നാം സ്ഥാനത്തെത്തി.

സംസ്ഥാനത്ത് ആകെ 65 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 24ന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 55 കോടിയായിരുന്നു ഈ ദിവസത്തെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് റെക്കോര്‍ഡാണ്. ബെവ്‌കോയും ബാറുകളും കണ്‍സ്യൂമര്‍ഫെഡും സംസ്ഥാനത്തെ വെയര്‍ ഹൗസുകളില്‍ നിന്ന് ആകെ 90 കോടി രൂപയുടെ മദ്യം വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

ക്രിസ്തുമസ് തലേന്നത്തെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈയാഴ്ചയിലെ മൊത്തം കണക്കുകള്‍ പുറത്തു വരുമ്പോള്‍ റെക്കോര്‍ഡുകള്‍ വീണ്ടും തകര്‍ക്കപ്പെട്ടേക്കുമെന്നാണ് വിവരം.