വിവാഹത്തെ തകർക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇൻ റിലേഷൻഷിപ്പ്; അലഹബാദ് ഹൈക്കോടതി

 

ന്യൂഡൽഹി: ഇന്ത്യയിൽ വിവാഹത്തെ തകർക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇൻ റിലേഷൻഷിപ്പ് എന്ന് അലഹബാദ് ഹൈക്കോടതി. ലിവ് ഇൻ റിലേഷൻഷിപ്പ് പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം നൽകുന്ന സുരക്ഷയോ, സാമൂഹിക അംഗീകാരമോ, സ്ഥിരതയോ ലിവ് ഇൻ റിലേഷൻഷിപ്പ് നൽകില്ലെന്നും സിംഗിൾ ബെഞ്ച് ജഡ്ജി സിദ്ധാർത്ഥ് ചൂണ്ടികാട്ടി.

ഒരു വർഷമായി ലിവ് ഇൻ റിലേഷൻഷിപ്പ് തുടരുന്നതിനിടെ 19 കാരി തന്റെ പങ്കാളിക്കെതിരെ പരാതി നൽകുകയായിരുന്നു. ഗർഭിണിയായ യുവതിയെ പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പൊലീസിൽ പരാതി നൽകിയത്. ഈ കേസിലാണ് ഹൈക്കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.

ഓരോ സീസണിലും പങ്കാളികളെ മാറ്റുന്ന ബുദ്ധിശൂന്യമായ പ്രവർത്തി സ്ഥിരതയും ആരോഗ്യകരവുമായ സമൂഹത്തിന്റെ മുദ്രയല്ലെന്നും ജഡ്ജി നിരീക്ഷിച്ചു. വികസിത രാജ്യങ്ങളിലേതുപോലെ വിവാഹം എന്ന സംവിധാനം കാലഹരണപ്പെട്ടതിന് ശേഷം മാത്രമേ ലിവ് ഇൻ റിലേഷൻഷിപ്പ് നമ്മുടെ രാജ്യത്ത് സാധാരണമായി കണക്കാക്കൂവെന്നും ജഡ്ജി നിരീക്ഷിച്ചു. ഇത് ഭാവിയിൽ വലിയ വിപത്ത് ഉണ്ടാക്കിയേക്കാമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

വിവാഹ ബന്ധത്തിൽ പങ്കാളിയോട് കാണിക്കുന്ന വിശ്വാസവഞ്ചനയും ലിവ് ഇൻ റിലേഷൻഷിപ്പുമെല്ലാം പുതിയ കാലത്ത് പുരോഗമന സമൂഹത്തിന്റെ അടയാളമായിട്ടാണ് കണക്കാക്കുന്നത്. ദീർഘകാലത്തെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് യുവാക്കൾ ഇത്തരം തത്വചിന്തകളിലേക്ക് ആകർഷിക്കപ്പെടുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.