ആഡംബര കപ്പല്‍ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്റെ മലയാളി സുഹൃത്ത് കസ്റ്റഡിയില്‍

ക്രൂസ് കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ മലയാളി കസ്റ്റഡിയിലായതായി സൂചന. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ സുഹൃത്ത് ശ്രേയസ് നായരെ എന്‍സിബി കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യ പ്രതികളായ ആര്യനും അര്‍ബാസിനും ലഹരി മരുന്ന് നല്‍കിയത് ശ്രേയസ് ആണെന്നാണ് വിവരം. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.
ആര്യന്റെയും അര്‍ബാസിന്റെയും വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്‍സിബി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ശ്രേയസിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോര്‍ഡീലിയ കപ്പലില്‍ ശ്രേയസും യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അവസാന നിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു. ആരാണ് മയക്കുമരുന്ന് നല്‍കിയതെന്ന ചോദ്യത്തിന് ആര്യനും അര്‍ബാസും മറുപടി നല്‍കിയിട്ടില്ല.
മയക്കുമരുന്ന് നല്‍കിയത് ശ്രേയസ് ആണെന്ന് വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമാണെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. ഇവര്‍ മൂന്നു പേരും മുമ്പും ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമായതായും അന്വേഷണ ഏജന്‍സി പറയുന്നു. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നിലവില്‍ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിട്ടുള്ള ആര്യനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.