എം.ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍ നേരിട്ടെത്തി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റുകയായിരുന്നു. അദ്ദേഹത്തിന് എന്തു തസ്തിക നല്‍കും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കും. സ്വര്‍ണ്ണക്കടത്തു കേസിനോട് അനുബന്ധിച്ച് 2020 ജൂലൈ മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു ശിവശങ്കര്‍.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. നേരത്തേ രണ്ടു തവണ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയിരുന്നു. ശിവശങ്കര്‍ പ്രതിയായ ഡോളര്‍ കടത്തു കേസിന്റെ വിശദാംശങ്ങള്‍ ഡിസംബര്‍ 30നകം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി കസ്റ്റംസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കസ്റ്റംസില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ശിവശങ്കറിനെ തിരിച്ചെടുത്തത്.