'പുരാവസ്തുക്കള്‍' പലതും ചേര്‍ത്തലയില്‍ നിര്‍മിച്ചത്; 'ഡോക്ടര്‍' മോന്‍സണിന്റെ കൂട്ടാളികളും പിടിയില്‍

 
10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ പുരാവസ്തുക്കള്‍ എന്ന പേരില്‍ വില്‍പയ്ക്ക് വെച്ചിരുന്നത് ചേര്‍ത്തലയില്‍ നിര്‍മിച്ച സാധനങ്ങള്‍

10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ പുരാവസ്തുക്കള്‍ എന്ന പേരില്‍ വില്‍പയ്ക്ക് വെച്ചിരുന്നത് ചേര്‍ത്തലയില്‍ നിര്‍മിച്ച സാധനങ്ങള്‍. ചേര്‍ത്തല സ്വദേശിയായ ആശാരി നിര്‍മിച്ചതാണ് ഇവയെന്ന് കണ്ടെത്തി. മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം, യൂദാസിന് ലഭിച്ച 30 വെള്ളിക്കാശുകളില്‍ ഒന്ന് തുടങ്ങിയവ തന്റെ ശേഖരത്തില്‍ ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

തട്ടിപ്പ് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ചേര്‍ത്തലയില്‍ നിന്ന് മോന്‍സണെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. യുഎഇയിലെയും കുവൈറ്റിലെയും രാജകുടുംബാംഗങ്ങള്‍ക്ക് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ രണ്ടുലക്ഷം കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും വിദേശ ബാങ്കിലെ പണം എടുക്കാന്‍ നിയമ തടസമുള്ളതിനാല്‍ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പലരില്‍ നിന്നായി 10 കോടി തട്ടിയെടുക്കുകയായിരുന്നു ഇയാള്‍.

ആഡംബര കാറുകളില്‍ സഞ്ചരിക്കുകയും സിനിമാ നടന്‍മാരുമായും പ്രമുഖരുമായും അടുപ്പം സൂക്ഷിക്കുകയും ചെയ്തിരുന്ന മോന്‍സണ്‍ കോസ്‌മെറ്റോളജിസ്റ്റ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയ പേജില്‍ ഡോക്ടര്‍ എന്നാണ് പലരും ഇയാളെ അഭിസംബോധന ചെയ്യുന്നത്. തൃശൂരിലെ ഒരു പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിന്റെ പേട്രണായും ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇയാള്‍ക്ക് വിദേശ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബാങ്കിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ് കാട്ടിയായിരുന്നു തട്ടിപ്പ് നടത്തിയത്. അഞ്ച് പേരില്‍ നിന്ന് 10 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെ ലഭിച്ച പരാതി. കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.