മരയ്ക്കാറും ജയ്ഭീമും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍; നാമനിര്‍ദേശം മികച്ച ഫീച്ചര്‍ ചിത്രത്തിന്

 

ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ കടലിന്റെ സിംഹവും ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമും. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്‌സ്-2021ല്‍ ഇന്ത്യയില്‍ നിന്നുള്ള നാമനിര്‍ദേശ പട്ടികയിലാണ് രണ്ടു ചിത്രങ്ങളും ഉള്‍പ്പെട്ടത്. 276 ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്. 

മികച്ച ഫീച്ചര്‍ ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരത്തിനായാണ് ഇവ മത്സരിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, സുനില്‍ ഷെട്ടി, അശോക് സെല്‍വന്‍, മുകേഷ്, നെടുമുടി വേണു,  മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

1993ല്‍ നടന്ന ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു സൂര്യയും ലിജോ മോള്‍ ജോസ്, മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തിയ ജയ്ഭീം. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.