നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ കൂട്ടനടപടി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
 

ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമ നടപടിയും സ്വീകരിച്ചേക്കും.
 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനിരിക്കെ, നാഷനൽ ടെസ്റ്റിങ് എജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണി നടത്തി മുഖംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി 47ഓളം ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പിരിച്ചുവിട്ടെന്നാണ് പുറത്തുവരുന്ന വിവരം. ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമ നടപടിയും സ്വീകരിച്ചേക്കും.


രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനുമാണ് അഴിച്ചുപണിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ അഴിച്ചുപണി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിഷ്കാരങ്ങളുടെ ഭാഗമായി, എൻ.ടി.എയുടെ ഔട്ട്‌സോഴ്‌സിങ് രീതികളിലും പ്രവർത്തനങ്ങളിലും സുപ്രധാന മാറ്റമുണ്ടാകും. വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാകും പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുക.

ചോദ്യപേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികളും കുറ്റവാളികൾക്കെതിരെ കടുത്ത നടപടികളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എൻ.ടി.എയും ഉടച്ചുവാർക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും ഫെലോഷിപ്പ് പരീക്ഷകളും നടത്തുന്നതിനായി 2017ലാണ് സ്വയംഭരണാവകാശമുള്ള സ്ഥാപനമായി കേന്ദ്ര സർക്കാർ എൻ.ടി.എ രൂപവത്കരിച്ചത്. നിലവിൽ ജെ.ഇ.ഇ, നീറ്റ്, സി.യു.ഇ.ടി ഉൾപ്പെടെ ദേശീയ തലത്തിലുള്ള 15ഓളം പ്രവേശന പരീക്ഷകൾ നടത്തുന്നത് എൻ.ടി.എയാണ്.