ആ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ്

 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപിതനായ വിഐപി താനല്ലെന്ന് വ്യക്തമാക്കി പ്രവാസി വ്യവസായി. കോട്ടയം സ്വദേശിയും പ്രവാസി വ്യവസായിയുമായ മെഹബൂബാണ് വിഐപി താനല്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പോലിസ് നല്‍കിയ ചിത്രങ്ങളില്‍ നിന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിഐപിയെ തിരിച്ചറിഞ്ഞതായി വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മെഹബൂബാണ് വിഐപിയെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ താന്‍ ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ ബാലചന്ദ്രകുമാറിനെ അറിയില്ലെന്നും മെഹബൂബ് പറഞ്ഞു. തനിക്ക് ഹോട്ടല്‍ ബിസിനസ് ഉണ്ട്. ദിലീപിനെ അറിയാം, ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റില്‍ തനിക്ക് ഷെയറും ഉണ്ട്. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന വിഐപി താനല്ല. അത് എവിടെ വേണമെങ്കിലും പറയാമെന്നും മെഹബൂബ് പറഞ്ഞു.

ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടില്‍ പോയത്. ആ സമയത്ത് കാവ്യയും കുട്ടിയും അവിടെയുണ്ടായിരുന്നു. ഇക്ക എന്നാണ് ദിലീപ് തന്നെ വിളിക്കാറ്. ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് ഒന്നും മോശം രീതിയില്‍ തോന്നിയിട്ടില്ല. പെന്‍ഡ്രൈവ് കൊടുക്കാനായിട്ടുള്ള ബന്ധമൊന്നും ഞങ്ങള്‍ തമ്മിലില്ലെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ സഹോദരനേയോ സഹോദരി ഭര്‍ത്താവിനേയോ യാതൊരു പരിചയവുമില്ല. അന്വേഷണ സംഘം ഒന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും മെഹബൂബ് ആവശ്യപ്പെട്ടു.