കണ്ണൂരിൽ മഴക്കുഴിയെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധി കിട്ടി

 

കണ്ണൂർ ചെങ്ങളായിയിൽ തൊഴിലുറപ്പ് ജോലിക്കാർക്ക് നിധി കിട്ടി. വ്യാഴാഴ്ച വൈകിട്ട് ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർത്തോട്ടത്തിൽ മഴക്കുഴിക്കായി ഒരുമീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോൾ ഒരു കുടം ലഭിച്ചു. രാവിലെ കിട്ടിയ കുടം വൈകിട്ടാണ് തുറന്നു നോക്കിയത്. കുടത്തിനുള്ളി‍ൽ നിന്ന് വെള്ളിനാണയങ്ങളും സ്വർണ്ണവും കണ്ടെത്തി. തുടർന്ന് തൊഴിലാളികൾ പോലീസിൽ വിവരമറിയിച്ചു. ശ്രീകണ്ഠപുരം എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സ്വർണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. 

പരിപ്പായി ഗവ. യു.പി. സ്കൂളിന് സമീപത്തെ പുതിയപുരയിൽ താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽനിന്നാണ് ഇവ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണലോക്കറ്റുകൾ, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, ഒരുസെറ്റ് കമ്മൽ, നിരവധി വെള്ളിനാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു വസ്തു എന്നിവയാണ് ലഭിച്ചത്.

ഇവ വെള്ളിയാഴ്ച തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തുവകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. പുരാവസ്തുവകുപ്പിന്റെ പരിശോധനയിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. കണ്ടെടുത്ത സ്വർണാഭരണങ്ങൾക്കും വെള്ളിനാണയങ്ങൾക്കും ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സംഭവം പുരാവസ്തു വകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്ന സംശയം ശക്തമായതിനാൽ കൂടുതൽ പരിശോധന ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു മീറ്റർ മാത്രം കുഴിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ അടക്കമുള്ള നിധി ശേഖരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധന നടത്താനാണ് പുരാവസ്തുവിന്റെ തീരുമാനമെന്നാണ് വിവരം.