ലഖിംപൂര്‍ ഖേഡി സംഭവത്തില്‍ മന്ത്രിയുടെ മകന് പങ്കെന്ന് കൂട്ടാളി; വീഡിയോ പുറത്ത്

 
ലഖിംപൂര്‍ ഖേഡിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം കയറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ പങ്ക് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേഡിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം കയറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ പങ്ക് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. സംഭവത്തില്‍ പിടിയിലായ ഒരാളെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. കര്‍ഷകരെ ഇടിച്ചിട്ട മഹീന്ദ്ര ഥാറിന് തൊട്ടു പിന്നാലെയെത്തിയ ഫോര്‍ച്യൂണറില്‍ യാത്ര ചെയ്തിരുന്നയാളെയാണ് വീഡിയോയില്‍ ചോദ്യം ചെയ്യുന്നത്.

ലഖ്‌നൗവില്‍ നിന്നുള്ള അങ്കിത് ദാസ് എന്നയാളുടെ വാഹനമായിരുന്നു ഫോര്‍ച്യൂണര്‍. ആരാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് ചാദിക്കുമ്പോള്‍ ഭയ്യയുടെ ആളുകളാണെന്ന് പിടിയിലായ ആള്‍ പറയുന്നുണ്ട്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ആണ് ഭയ്യ എന്ന് വിളിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ് എംപി അഖിലേഷ് യാദവിന്റെ അനന്തിരവനാണ് അങ്കിത് ദാസ്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. ഫോര്‍ച്യൂണര്‍ ഓടിച്ചിരുന്നത് അങ്കിത് ദാസായിരുന്നു. സംഭവം നടക്കുമ്പോള്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്ര പറയുന്നത്. എന്നാല്‍ യുപി പോലീസിന്റെ എഫ്ഐആറില്‍ കൃത്യമായി ഇയാളുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്.