മൊഫിയയുടെ ആത്മഹത്യ; ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി

 

ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പരാതി നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ നടപടി. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കി. തനിക്ക് നീതി കിട്ടിയില്ലെന്നും സിഐക്കെതിരെ നടപടി വേണമെന്നും മൊഫിയ കത്തില്‍ കുറിച്ചിരുന്നു.

ഒരു മാസം മുന്‍പ് മൊഫിയ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുന്നതിനായി മൊഫിയയെയും പിതാവിനെയും തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനില്‍ ഭര്‍ത്താവ് സുഹൈലും വീട്ടുകാരും ഉണ്ടായിരുന്നു. അവരെ എന്തിനാണ് വിളിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ നടപടിക്രമങ്ങളുടെ ഭാഗമായാണെന്ന് പോലീസുകാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് മൊഴിയെടുത്ത് തന്നെ വിടണമെന്നും അയാളോടൊപ്പം നിന്ന് സംസാരിക്കാന്‍ തനിക്ക് കഴിയില്ലെന്നും മൊഫിയ പറഞ്ഞു.

മൊഫിയയോടും തന്നോടും സിഐ മോശമായി പെരുമാറിയെന്ന് മൊഫിയയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞു. സ്റ്റേഷനിലേക്ക് കയറിച്ചെന്നപ്പോള്‍ താന്‍ തന്തയാണോടോ എന്നാണ് സിഐ ചോദിച്ചത്. സുഹൈലിന്റെയും വീട്ടുകാരുടെയും മുന്നില്‍ വെച്ച് തന്നോടും മകളോടും മോശമായി സംസാരിച്ചു. സ്‌റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ നമുക്ക് നീതി കിട്ടുന്നില്ലല്ലോ എന്നാണ് മകള്‍ പറഞ്ഞതെന്നും ഇര്‍ഷാദ് പറഞ്ഞു.