മൊഫിയയുടെ ആത്മഹത്യ; ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും പിടിയില്‍

 

ഗാര്‍ഹിക പീഡന പരാതി നല്‍കിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പിടിയില്‍. ജീവനൊടുക്കിയ മൊഫിയ പര്‍വീണിന്റെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളുമാണ് പിടിയിലായത്. ഇവര്‍ കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സുഹൈലിനും മാതാപിതാക്കള്‍ക്കും എതിരെ ആത്മഹത്യപ്രേരണാക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് മൊഫിയയെയും പിതാവിനെയും മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു. ആലുവ പോലീസ് സ്‌റ്റേഷനില്‍ വെച്ച് സിഐ മൊഫിയയെയും പിതാവിനെയും അവഹേളിച്ചു. ഇതിന് പിന്നാലെ വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സിഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.

ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൈലുമായി മൊഫിയയുടെ വിവാഹം കഴിഞ്ഞ ഏപ്രിലിലാണ് നടന്നത്. കോതമംഗലത്തെ സുഹൈലിന്റെ വീട്ടിലേക്ക് പോയ മൊഫിയ അധികം വൈകാതെ തിരിച്ചെത്തി. ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് മൊഫിയ വീട്ടുകാരോട് പറഞ്ഞു. പിന്നീട് മുത്തലാഖ് ചെയ്‌തെന്ന് കാട്ടി സുഹൈല്‍ അയച്ച കത്ത് കൈപ്പറ്റാതെ തിരിച്ചയയ്ക്കുകയും ചെയ്തു.

ഒരു മാസം മുന്‍പാണ് ആലുവ റൂറല്‍ എസ്പിക്ക് മൊഫിയ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. ചൊവ്വാഴ്ച ആലുവ സിഐ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇരു വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനിടയില്‍ യുവതിയെയും പിതാവിനെയും സിഐ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് വീട്ടുകാര്‍ പറയുന്നത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിയാണ് മൊഫിയ.