നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രണ്ടര വയസുകാരന്റെ അമ്മയും ആശുപത്രിയില്‍; വിവാഹ വീട്ടില്‍ പരിശോധന

 

കോഴിക്കോട്: നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രണ്ടര വയസുകാരന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് സനാ ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെങ്ങളംകണ്ടി അക്ബറിന്റെയും സനാ ഫാത്തിമയുടെയും മകന്‍ മുഹമ്മദ് യാമിന്‍ ആണ് വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയില്‍ മരിച്ചത്.
 
വ്യാഴാഴ്ച വൈകിട്ടായിരുന്നു വിവാഹ ചടങ്ങ്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ബന്ധുക്കളും അയല്‍വാസികളുമായ 10 കുട്ടികളെയും വയറിളക്കവും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടികളെ ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത ഛര്‍ദ്ദിയുമായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മുഹമ്മദ് യാമിന്‍ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ച 4 മുതിര്‍ന്നവര്‍ക്കും അസ്വസ്ഥതകളുണ്ട്. വിവാഹം നടന്ന വീട്ടില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വിവാഹ പാര്‍ട്ടിക്ക് ഭക്ഷണവും പലഹാരങ്ങളും എത്തിച്ച രണ്ട് ബേക്കറികളും കുട്ടമ്പൂരിലെ ഹോട്ടലും നേരത്തേ അടപ്പിച്ചിരുന്നു.