മുട്ടിൽ മരം മുറി കേസ് ; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

 

മുട്ടിൽ മരം മുറി കേസിൽ കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയാണ് എന്നും വനഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നത് മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണം ഫലപ്രദമാണ്. കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കും. വന നിയമം അനുസരിച്ച് ചെറിയ ശിക്ഷയെ ഉള്ളൂ. എന്നാൽ കൂടുതൽ ശിക്ഷ ഉറപ്പാക്കണം. എസ്ഐടിയും വനം വകുപ്പും സംയുക്തമായി അന്വേഷണം നടത്തുന്നു. കുറ്റകൃത്യം ബോധ്യപ്പെട്ടതിനാലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുക സ്വാഭാവികമാണ്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതിന്റെ കുടുതൽ തെളിവുകൾ പുറത്ത് വരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മുട്ടിൽ മരംമുറി കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഭൂവുടമ രംഗത്തുവന്നിരുന്നു. മരംമുറിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും രേഖകൾ തയ്യാറാക്കിയത് റോജി അഗസ്റ്റിനാണെന്നും മരം നൽകിയ ഭൂവുടമ വാളംവയൽ ഊരിലെ ബാലൻ പറഞ്ഞു. മരംമുറി വിവാദമായി വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയപ്പോഴാണ് അനുമതിയില്ലാത്ത കാര്യം ഇവർ അറിയുന്നത്.

ഫോറൻസിക് പരിശോധനയിൽ മുട്ടിൽ സൗത്ത് വില്ലേജിൽ വ്യാജ ഒപ്പിട്ടുകൊണ്ട് അപേക്ഷ നൽകിയത് റോജിയാണെന്ന് കണ്ടെത്തിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. ഭൂവുടമകൾക്ക് നാമമാത്രമായ തുക നൽകി കബളിപ്പിച്ചുകൊണ്ടായിരുന്നു മരം മുറിച്ച് കടത്തിയത്.

ബാലന്റെയും സഹോദരി വെള്ളച്ചിയുടെ ഉൾപ്പെടെയുള്ളവരുടെ വ്യാജ ഒപ്പിട്ടുകൊണ്ടായിരുന്നു അപേക്ഷ നൽകി മരം മുറിച്ച് കടത്തിയത്. ഫോറൻസിക് പരിശോധനയെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരംമുറിക്കാനായി റോജി അഗസ്റ്റിൻ ഏഴു കർഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ.

മുട്ടിൽ സൗത്ത് വില്ലേജിൽ നിന്നും ഈ വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പ് സ്വീകരിച്ചാൽ മുട്ടിൽ മരംമുറിയിലെ പ്രതികൾ കനത്ത നിയമനടപടി നേരിടേണ്ടിവരും.