വാരിയംകുന്നന്‍ ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കുന്നു; പുതിയ നീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി: മലബാര്‍ ലഹളയില്‍ പങ്കെടുത്ത 387 പേരുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ആലി മുസ്ല്യാര്‍ തുടങ്ങിയവരും ഈ പട്ടികയിലുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) നിയോഗിച്ച മൂന്നംഗ സമിതി ഇത് സംബന്ധിച്ച് അവലോകന റിപ്പോര്‍ട്ട് നല്‍കി. 1921ലെ മലബാര്‍ ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
കലാപത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നും ഇവ ദേശീയതയുടെ ഭാഗമായിരുന്നില്ലെന്നും സമിതി പറയുന്നു. കലാപത്തിലൂടെ ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. കലാപം വിജയിച്ചിരുന്നെങ്കില്‍ ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. ഇതിലൂടെ ഇന്ത്യക്ക് ആ പ്രദേശം നഷ്ടമാകുമായിരുന്നുവെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു കലാപകാരിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
തടവുകാരായ പലരും കോളറ മൂലമാണ് മരണപ്പെട്ടത്. ഇവരെ രക്തസാക്ഷികളായി കണക്കാക്കാന്‍ ആവില്ല. വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണയ്ക്ക് ശേഷം സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നും സമിതി പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ സ്വതന്ത്ര സമര സേനാനികളുടെ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കും.