മുന്‍ റെസ്ലിംഗ് താരം ഗ്രേറ്റ് ഖാലി ബിജെപിയില്‍ ചേര്‍ന്നു
പ്രൊഫഷണല്‍ റെസ്ലിംഗ് താരമായിരുന്ന ഗ്രേറ്റ് ഖാലി ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ദലീപ് സിംഗ് റാണയെന്ന ഖാലി ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പ്രമുഖനാണ് ഖാലി.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് രാജ്യം പിന്തുണ നല്‍കണമെന്നും ഖാലി അഭ്യര്‍ത്ഥിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ അനുസരിച്ച് വിളകള്‍ വാങ്ങുന്നവര്‍ ഇരിട്ടി വിലയ്ക്കായിരിക്കും അവ വില്‍ക്കുകയെന്നും ഇത് ദിവസക്കൂലിക്കാരെയും പാതയോര കച്ചവടക്കാരെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും ഖാലി പറഞ്ഞിരുന്നു.
നേരത്തേ പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഖാലി 2000ലാണ് ഡബ്ല്യുഡബ്ല്യുഇ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്. പിന്നീട് ഡബ്ല്യുഡബ്ല്യുഇ ചാംപ്യനും ആയിട്ടുണ്ട്. നാല് ഹോളിവുഡ് ചിത്രങ്ങളിലും രണ്ട് ബോളിവുഡ് ചിത്രങ്ങളിലും ഗ്രേറ്റ് ഖാലി അഭിനയിച്ചിട്ടുണ്ട്.