രണ്ടാമതും മൂത്രമൊഴിക്കല്‍; എയര്‍ ഇന്ത്യക്ക് പത്തുലക്ഷം രൂപ പിഴ

 

വിമാനത്തിനുള്ളില്‍ രണ്ടാമതുണ്ടായ മൂത്രമൊഴിക്കല്‍ സംഭവത്തില്‍ എയര്‍ഇന്ത്യക്ക് പത്തുലക്ഷം രൂപ പിഴയിട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനാണ് പിഴ. പാരീസ്-ഡല്‍ഹി വിമാനത്തിലാണ് സംഭവമുണ്ടായത്. സഹയാത്രികയുടെ പുതപ്പില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതു വരെ ഇക്കാര്യം എയര്‍ഇന്ത്യ അറിയിച്ചിരുന്നില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്. 

ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപന്‍ സഹയാത്രികയുടെ മേലേക്ക് മൂത്രമൊഴിച്ചതിന് പിന്നാലെയാണ് പാരീസ്-ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം നടന്നത്. ഡിസംബര്‍ ആറിനായിരുന്നു സംഭവം. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്‍കിയതിനാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. 

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സംഭവം പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. ഡിസംബര്‍ ആറിന് രാവിലെ 9.40ന് പാരീസില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്. മദ്യപിച്ച് അതിക്രമം കാണിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സി.ആര്‍.പി.എഫ്. പിടികൂടിയിരുന്നു. എന്നാല്‍ ഈ യാത്രികനും യാത്രക്കാരിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു.