രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി; പ്രഖ്യാപനം ഉടനുണ്ടായേക്കും
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന് ഉണ്ടായേക്കും. രാഹുല് ഗാന്ധിയുമായി നടന്ന ചര്ച്ചകള്ക്കൊടുവിലാണ് മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില് ധാരണയുണ്ടായിരിക്കുന്നത്. നേരത്തെ രാജസ്ഥാനില് മുഖ്യമന്ത്രി പദത്തെ ചൊല്ലി തര്ക്കം നിലനില്ക്കുന്നതായി റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. എന്നാല് വിഷയത്തില് തര്ക്കമില്ലെന്നും എം.എല്.എമാരുമായും മുതിര്ന്ന നേതാക്കളുമായും ചര്ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്നും രാഹുല് ഗാന്ധി അറിയിച്ചിരുന്നു.
രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റുമായും ഗെഹ്ലോട്ടുമായി ഒന്നിച്ചും വെവ്വേറെയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയതായിട്ടാണ് സൂചന. അതേസമയം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി പദത്തിനായി ഗെഹ്ലോട്ടിനൊപ്പം അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ ഗെഹ്ലോട്ട് സര്‍ദാര്‍പുരയില്‍ നിന്നാണ് വിജയിച്ചത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിനായി പൈലറ്റ് ശ്രമിക്കുമെന്നും സൂചനയുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിനായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. പി.സി.സി അധ്യക്ഷന്‍ കമല്‍നാഥിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.