സൈനികന്‍ പാക് കസ്റ്റഡിയില്‍; രാഷ്ട്രീയ പരിപാടികള്‍ തുടര്‍ന്ന് പ്രധാനമന്ത്രിയും ബിജെപിയും; വിമര്‍ശനവുമായി പ്രതിപക്ഷം

അതിര്ത്തിയില് യുദ്ധസമാനമായ സാഹചര്യം തുടരുമ്പോഴും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പാര്ട്ടി പ്രവര്ത്തനങ്ങളില് മുഴുകി പ്രധാനമന്ത്രിയും ബിജെപിയും. വ്യോമസേനാ വിംഗ് കമാന്ഡര് അഭിനന്ദന് വര്ദ്ധമാന് പാക് കസ്റ്റഡിയിലായി രണ്ടാം ദിവസമായിട്ടും രാഷ്ട്രീയ നേട്ടങ്ങള്ക്കായി മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതിര്ത്തിയിലെ സംഘര്ഷങ്ങളുടെ സാഹചര്യത്തില് കോണ്ഗ്രസ് തങ്ങളുടെ നേതൃയോഗം ഒഴിവാക്കിയപ്പോള് ബിജെപി ബൂത്ത് നേതാക്കളെ വീഡിയോ കോണ്ഫറന്സില് അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോഡി.
 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുമ്പോഴും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകി പ്രധാനമന്ത്രിയും ബിജെപിയും. വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് കസ്റ്റഡിയിലായി രണ്ടാം ദിവസമായിട്ടും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ നേതൃയോഗം ഒഴിവാക്കിയപ്പോള്‍ ബിജെപി ബൂത്ത് നേതാക്കളെ വീഡിയോ കോണ്‍ഫറന്‍സില്‍ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോഡി.

സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ഇന്ത്യന്‍ പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്തതായി പാകിസ്ഥാന്‍ അറിയിച്ചതിനു ശേഷം ഖേലോ ഇന്ത്യ ആപ്പ് പുറത്തു വിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിന്റെ വാര്‍ത്ത വന്നത് ട്രോളുകളുമായാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷ ആക്രമണം ഏറ്റവും രൂക്ഷമായത് ബി.എസ്.യെദിയൂരപ്പയുടെ പ്രസ്താവന പുറത്തു വന്നതിനു ശേഷമാണ്.

പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണം ബിജെപിക്ക് കര്‍ണാടകയില്‍ 22 സീറ്റുകള്‍ നേടിത്തരുമെന്നായിരുന്നു കര്‍ണാടക ബിജെപി അധ്യക്ഷന്‍ പറഞ്ഞത്. പാക് പിടിയിലായ പൈലറ്റിന്റെ സുരക്ഷയെക്കുറിച്ച് രാജ്യമൊട്ടാകെ ആശങ്കപ്പെടുമ്പോള്‍ സീറ്റുകള്‍ എണ്ണുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. അഖിലേഷ് യാദവ്, മായാവതി എന്നീ പ്രതിപക്ഷ നേതാക്കളും ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

യുദ്ധസമാന സാഹചര്യത്തിലും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാത്തത് എന്താണെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. പാര്‍ട്ടി വേദികളിലും തെരഞ്ഞെടുപ്പ് റാലികളിലും മാത്രമാണ് പ്രധാനമന്ത്രി പ്രസ്താവനകള്‍ നടത്തുന്നത്. സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ബിജെപിയെന്ന് ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.