ബിജെപി മന്ത്രിയുടെ ഭീഷണി; സ്വവര്‍ഗ്ഗ ദമ്പതികളെ ചിത്രീകരിക്കുന്ന പരസ്യം പിന്‍വലിച്ച് ഡാബര്‍

 

മധ്യപ്രദേശിലെ ബിജെപി മന്ത്രിയുടെ ഭീഷണിയെ തുടര്‍ന്ന് സ്വവര്‍ഗ്ഗ ദമ്പതികള്‍ കഥാപാത്രങ്ങളാകുന്ന പരസ്യം പിന്‍വലിച്ച് ഡാബര്‍. സ്വവര്‍ഗ്ഗ ദമ്പതികളായ യുവതികള്‍ കര്‍വാ ചൗത് ആഘോഷിക്കുന്നതായിരുന്നു പരസ്യത്തിന്റെ പ്രമേയം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പ്രഖ്യാപിച്ചത്. ഹിന്ദുത്വ സംഘടനകളും പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.

പരസ്യത്തിനെതിരെ മന്ത്രി വിവാദ പരാമര്‍ശങ്ങളാണ് നടത്തിയത്. ഇത്തരം പരസ്യങ്ങളില്‍ ഹിന്ദു മതവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ മാത്രം എന്തിനാണ് ഉള്‍പ്പെടുത്തുന്നതെന്ന് മന്ത്രി ചോദിച്ചു. ഇന്ന് സ്വവര്‍ഗ്ഗ ദമ്പതികളായ സ്ത്രീകള്‍ കര്‍വാ ചൗത് ആഘോഷിക്കുന്നത് കാണിച്ചു. നാളെ ആണ്‍കുട്ടികള്‍ പരസ്പരം വിവാഹം കഴിക്കുന്നത് കാണിക്കുമെന്നും മിശ്ര പറഞ്ഞിരുന്നു.

പരസ്യം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരസ്യം നീക്കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മിശ്ര പറഞ്ഞു. ഇതിന് പിന്നാലെ പരസ്യം പിന്‍വലിക്കുന്നതായി ഡാബര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.