സഞ്ജീവ് ഭട്ട് വിഷയം ആംനസ്റ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ക്യാംപെയിന്‍; പെറ്റീഷനില്‍ ഇവിടെ ഒപ്പുവെക്കാം
സഞ്ജീവ് ഭട്ട് നേരിടുന്ന നീതി നിഷേധം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്നാഷണലിന്റെ ശ്രദ്ധയില്പ്പെടുത്താന് ക്യാംപെയിന്‍. 22 വര്‍ഷം പഴക്കമുള്ള കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത ശേഷം 30 വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ട് പാലന്‍പൂര്‍ ജയിലിലാണ് സഞ്ജീവ് ഭട്ട് ഇപ്പോള്‍ കഴിയുന്നത്. കെട്ടിച്ചമച്ച കേസില്‍ റിമാന്‍ഡിലായ ഭട്ടിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്യുന്ന change.org പെറ്റീഷനിലാണ് ഇതിനായി ഒപ്പ് വെക്കേണ്ടത്.
ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതാണ് ഭട്ടിനെതിരെയുണ്ടായ പ്രതികാര നടപടികള്‍ക്ക് കാരണമെന്ന് പെറ്റീഷന്‍ പറയുന്നു. 2018 സെപ്റ്റംബര്‍ 5ന് അറസ്റ്റിലായ ഭട്ട് അതിന് ശേഷം പുറംലോകം കണ്ടിട്ടില്ല. സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിക്കപ്പെട്ട ഭട്ടിന് ഹൈക്കോടതിയില്‍ ശരിയായ വിചാരണ പോലും ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഫോര്‍ സഞ്ജീവ് ഭട്ട് ആരംഭിച്ച പരാതിയില്‍ വിശദീകരിക്കുന്നു.
ജയിലില്‍ കഴിയുന്ന ഭട്ടിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ മകള്‍ ആകാഷി ഭട്ട് പറയുന്നത്. അദ്ദേഹം തടവില്‍ കഴിയുന്ന പാലന്‍പൂര്‍ ജയിലിലെ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി കുപ്രസിദ്ധരായവരെ പകരം നിയമിച്ചിരിക്കുകയാണെന്ന് ആകാഷി പറഞ്ഞു.