ഭീമ കൊറേഗാവ് കലാപത്തില്‍ ദൃക്‌സാക്ഷിയായ പെണ്‍കുട്ടിയെ മരിച്ച നിലയില് കണ്ടെത്തി
പൂനെ: ഭീമ കൊറേഗാവ് കലാപത്തിന് ദൃക്സാക്ഷിയായ പെണ്കുട്ടിയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. പൂജാ സാകേത് എന്ന പെണ്കുട്ടിയുടെ മൃതദേഹം കിണറ്റില് കാണപ്പെടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് റിപ്പോര്ട്ട്. അതേസമയം കലാപകാരികള്ക്കെതിരായ മൊഴി പിന്വലിക്കണമെന്നാവശ്യപ്പെട്ട് പെണ്കുട്ടിക്ക് മേല് സമ്മര്ദ്ദങ്ങള് ശക്തമായിരുന്നെന്ന് കുടുംബാംഗങ്ങള് ആരോപിച്ചു.
സംഭവത്തില്‍ രണ്ട് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ദളിത് വിഭാഗക്കാര്‍ക്കെതിരെ സവര്‍ണ്ണ വിഭാഗമായ മറാത്തകള്‍ നടത്തിയ ആക്രമണത്തില്‍ പൂജയുടെ വീടും അഗ്നിക്കിരയായിരുന്നു. കലാപത്തെത്തുടര്‍ന്ന് പുനരധിവസിപ്പിച്ചിരിക്കുന്നവര്‍ താമസിക്കുന്നതിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പൂജയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി വീട്ടുകാര്‍ മുമ്പ് അറിയിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വൈരാഗ്യമുള്ളവരെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ മരണം വീട്ടുകാര്‍ ഉപയോഗിക്കുകയാണെന്നും പോലീസ് ആരോപിക്കുന്നു. 1818ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മറാത്തകളും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം വിജയിച്ചിരുന്നു.
ബ്രിട്ടീഷ് പട്ടാളത്തിലെ ദളിത് സൈനികരായിരുന്നു വിജയത്തിന് കാരണക്കാരായത്. ഈ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ഭീമ കൊറേഗാവിലെത്തിയ ദളിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ സംഘര്‍ഷം പിന്നീട് കലാപമായി മാറുകയും ചെയ്തു.