അമേരിക്കൻ യാത്രയിൽ പ്രധാനമന്ത്രിക്ക് അകമ്പടി പോയ വിമാനത്തിൽ ഗ്രനേഡ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ യാത്രയിൽ പകരം വിമാനമായി ഒപ്പം പോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ നിന്ന് നിർവ്വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി.
 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ യാത്രയിൽ പകരം വിമാനമായി ഒപ്പം പോയ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് നിർവ്വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി. ബോയിങ് 747-400 വിമാനത്തിലാണ് ഗ്രനേഡ് കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ സ്ഥിരം വിമാനം എന്തെങ്കിലും കാരണവശാൽ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ ബദലായി ഉപയോഗിക്കാൻ തയ്യാറാക്കി നിർത്തിയിരുന്ന വിമാനത്തിലാണ് ഗ്രനേഡ് ഉണ്ടായിരുന്നത്.

എയർ ഇന്ത്യയുടെ ജീവനക്കാരാണ് ദില്ലിയിൽ നിന്ന് മുംബൈ, ഹൈദരാബാദ് വഴി ജിദ്ദയിലേക്ക് സർവ്വീസ് നടത്തുന്ന വിമാനത്തിൽ നിന്ന് ഇത് കണ്ടെടുത്തത്. മോഡി അമേരിക്കയിൽ നിന്ന് തിരിച്ച് ദില്ലിയിൽ എത്തിയതിന് ശേഷം ഈ വിമാനം എയർ ഇന്ത്യയുടെ സ്ഥിരം സർവ്വീസുകൾക്കായി വിട്ടുകൊടുത്തിരുന്നു. വിമാനത്തിലെ ബിസിനസ് ക്ലാസ്സിൽ ആണ് ഗ്രനേഡ് ഉണ്ടായിരുന്നത്. വിമാനം ജിദ്ദയിലാണുളളത്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.