‘താറാവുകള്‍ ജലാശയങ്ങളിലെ ഓക്സിജന്‍ വര്‍ധിപ്പിക്കും’; പുതിയ മണ്ടത്തരവുമായി ബിജെപി മുഖ്യമന്ത്രി ബിപ്ലബ് ദേബ്
അഗര്‍ത്തല: സാധാരണക്കാര്‍ക്ക് പോലും തിരിച്ചറിയാവുന്ന ശാസ്ത്രവിരുദ്ധമായ മണ്ടത്തരങ്ങള് വിളിച്ച് പറഞ്ഞ് വിവാദങ്ങളില് കുടുങ്ങുന്നയാളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബ്. താറാവുകള് ജലാശയങ്ങളിലെ ഓക്സിജന് വര്ധിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയും ഇത്തരത്തില് സോഷ്യല് മീഡിയയില് ചര്ച്ചയായി കഴിഞ്ഞു. നേരത്തെ സിവില് എന്ജിനീയര്മാര് സിവില് സര്വീസില് ചേരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ പരിഹസിക്കപ്പെട്ടിരുന്നു.
താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിക്കും. അതുവഴി ജലം പുനഃചംക്രമണം ചെയ്യപ്പെടുകയും ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം പറയുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അമ്പതിനായിരം താറാവു കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും ബിപ്ലബ് പറഞ്ഞു.
തിങ്കളാഴ്ച രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ബിപ്ലവിന്റെ പുതിയ കണ്ടെത്തല്‍. ശാസ്ത്ര ലോകത്തിന് വരെ അറിവില്ലാത്ത ഇത്തരം കാര്യങ്ങള്‍ മനസിലാക്കാന്‍ ബിപ്ലവിന് അദ്ഭുതസിദ്ധിയുണ്ടെന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്നു.