ആൾദൈവത്തിന്റെ സിനിമക്ക് അനുമതി: സെൻസർ ബോർഡിലെ എട്ട് അംഗങ്ങൾ കൂടി രാജിവച്ചു

മെസഞ്ചർ ഓഫ് ഗോഡി'ന് പ്രദർശനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് രാജി വച്ച സെൻസർ ബോർഡ് ചെയർപേഴ്സൺ ലീലാ സാംസണിനോട് ഐക്യദർഢ്യം പ്രഖ്യാപിച്ച് എട്ട് അംഗങ്ങൾ കൂടി രാജിവച്ചു. മലയാളിയായ ഷാജി എൻ കരുണും രാജി വച്ചവരുടെ കൂട്ടത്തിൽ പെടുന്നു. ആൾദൈവം ഗുർമീത് രാം റഹീം സിംഗ് മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന സിനിമ മെസഞ്ചർ ഓഫ് ഗോഡിന്റെ പ്രദർശനാനുമതിയെചൊല്ലി ഉടലെടുത്ത പ്രശ്നം കൂട്ട രാജിയിൽ കലാശിക്കുകയായിരുന്നു.
 

ന്യൂഡൽഹി: മെസഞ്ചർ ഓഫ് ഗോഡി’ന് പ്രദർശനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് രാജി വച്ച സെൻസർ ബോർഡ് ചെയർപേഴ്‌സൺ ലീലാ സാംസണിനോട് ഐക്യദർഢ്യം പ്രഖ്യാപിച്ച് എട്ട് അംഗങ്ങൾ കൂടി രാജിവച്ചു. മലയാളിയായ ഷാജി എൻ കരുണും രാജി വച്ചവരുടെ കൂട്ടത്തിൽ പെടുന്നു. ആൾദൈവം ഗുർമീത് രാം റഹീം സിംഗ് മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന സിനിമ മെസഞ്ചർ ഓഫ് ഗോഡിന്റെ പ്രദർശനാനുമതിയെചൊല്ലി ഉടലെടുത്ത പ്രശ്‌നം കൂട്ട രാജിയിൽ കലാശിക്കുകയായിരുന്നു.
സിനിമയ്ക്ക് അനുമതി നൽകാൻ സെൻസർ ബോർഡ് വിസമ്മതിച്ചിരുന്നു. നായകൻ അത്ഭുതങ്ങൾ കാണിക്കുന്നതും ചില വിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചെന്നും ആൾദൈവത്തിന്റെ സ്വന്തം പരസ്യമാണ് സിനിമയെന്നുമാണ് സെൻസർ ബോർഡ് അംഗങ്ങളുടെ ആക്ഷേപം. തുടർന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഫിലിം സർട്ടിഫിക്കേഷൻ അപ്പലെറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

സെൻസർ ബോർഡിന്റെ എതിർപ്പ് മറികടന്ന് ട്രൈബ്യൂണലാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ഇതിൽ പ്രതിഷേധിച്ചാണ് സെൻസർ ബോർഡ് അധ്യക്ഷ ലീല സാംസണും ബോർഡ് അംഗം ഇറാ ഭാസ്‌കറും രാജിവച്ചത്. ബോർഡിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാൻ ഇടയാക്കിയതെന്ന് രാജിക്കത്തിൽ അധ്യക്ഷ ലീല സാംസൺ ആരോപിച്ചിരുന്നു.