‘ഇന്റർനെറ്റ് ഡോട് ഓർഗ്’ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് തുടക്കമിട്ട 'ഇന്റർനെറ്റ് ഡോട് ഓർഗ്' ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു.
 

മുംബൈ: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് തുടക്കമിട്ട ‘ഇന്റർനെറ്റ് ഡോട് ഓർഗ്’ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുന്നത്. ചൊവ്വാഴ്ച മുംബൈയിൽ നടന്ന വാർത്താ സമ്മേഷനത്തിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ഇന്റർനെറ്റ് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേൽസ്, റിലയൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗുർദീപ് സിംഗ്, ഫേസ്ബുക്ക് ഗ്ലോബൽ ഓപ്പറേറ്റർ പാർട്‌നർഷിപ്‌സ് ഡയറക്ടർ മാർക്ക് മാക്‌ലാനെൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ റിലയൻസ് നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്കാണ് സേവനം ലഭ്യമാകുന്നത്. ഫേസ്ബുക്ക് ഉൾപ്പടെ 30ലധികം സൈറ്റുകൾ ഫ്രീയായി ബ്രൗസ് ചെയ്യാം.

ഇന്ത്യയെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെ മാത്രമേ തന്റെ സ്വപ്നം യാഥാർഥ്യമാകുകയുള്ളു എന്ന് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇന്ത്യയിൽ നൂറുകോടിയിലേറെ ആളുകൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലെന്നും ഈ സാഹചര്യം മറികടക്കുന്നതിനാണ് ഇന്റർനെറ്റ് ഡോട് ഓർഗ് എന്നും സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിലവിൽ ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും ചെറിയ രാജ്യങ്ങളിൽ മാത്രമാണ് ഇന്റർനെറ്റ് ഡോട് ഓർഗ് സേവനം ലഭ്യമാകുന്നത്.