പാത്രം കഴുകുന്നതിലുണ്ടായ തര്‍ക്കം; പൈലറ്റുമാര്‍ ഭക്ഷണം കൊണ്ടുവരുന്നത് എയര്‍ഇന്ത്യ വിലക്കിയേക്കും

പൈലറ്റുമാര് ഭക്ഷണം കൊണ്ടുവരുന്നത് എയര് ഇന്ത്യ വിലക്കിയേക്കും.
 

മുംബൈ: പൈലറ്റുമാര്‍ ഭക്ഷണം കൊണ്ടുവരുന്നത് എയര്‍ ഇന്ത്യ വിലക്കിയേക്കും. പൈലറ്റും ക്യാബിന്‍ ക്രൂ അംഗവും തമ്മില്‍ ഭക്ഷണം കൊണ്ടുവന്ന പാത്രം കഴുകുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കം മൂലം വിമാനം വൈകിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ നീക്കം. എയര്‍ ഹോസ്റ്റസിനോട് ക്യാപ്ടന്‍ പാത്രം കഴുകാന്‍ നിര്‍ദേശിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. യാത്രക്കാരുടെ മുന്നില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനം രണ്ടു മണിക്കൂറോളം വൈകുകയുമായിരുന്നു.

11.40ന് പുറപ്പെടാന്‍ തയ്യാറായ വിമാനം സംഭവങ്ങളെത്തുടര്‍ന്ന് ക്യാപ്ടനെയും ക്രൂ അംഗത്തെയും മാറ്റി പുതിയ ജീവനക്കാരെ എത്തിച്ച ശേഷമാണ് പുറപ്പെട്ടത്. തിങ്കളാഴ്ചയുണ്ടായ സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നുവെന്നും അതിനാല്‍ ഇനി മുതല്‍ പൈലറ്റുമാര്‍ ഭക്ഷണം കൊണ്ടുവരരുതെന്ന് നിര്‍ദേശിക്കുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.