ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു; മരണനിരക്ക് 83 കടന്നു

ഇന്നലെ സിന്ധുവില് കുടുങ്ങിയ മലയാളികളുടെ സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്
 

ഹരിദ്വാര്‍: ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി തുടരുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് മരണനിരക്ക് 83 കടന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും അതിശക്തമായ മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂര്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ഒഴുകുകയാണ്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ വീടുവിട്ടുപോവുകയാണ്.

ഇന്നലെ മാത്രം ഉത്തരാഖണ്ഡില്‍ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനം കേന്ദ്ര സഹായം തേടിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള 30 അംഗ മലയാളി സിനിമാ സംഘം ഹിമാചലില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇന്നലെ സിന്ധുവില്‍ കുടുങ്ങിയ മലയാളികളുടെ സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും പ്രധാന റോഡുകളെല്ലാം ഗതാഗതം താറുമാറിയിരിക്കുകയാണ്. 570 കോടി രൂപ നഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ മാത്രം ഈ മഴക്കെടുതിയില്‍ ഉണ്ടായത്. പഞ്ചാബിലും കനത്ത ജാഗ്രതാ നിര്‍ദേശത്തിലാണ് കഴിയുന്നത്. നിരവധി ഗ്രാമങ്ങളില്‍ ഇതിനൊടകം വെള്ളം കയറിയിട്ടുണ്ട്.