മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

മലയാളിയായ ഐഎസ്ആര്ഒ ശാസ്ത്രജ്ഞനെ തലക്കടിയേറ്റ് മരിച്ച നിലയില് കണ്ടെത്തി.
 

ഹൈദരാബാദ്: മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനായ സുരേഷിനെയാണ് മരിച്ച നിലയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഓഫീസില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൈദരാബാദിലെ അമീര്‍പേട്ടില്‍ അന്നപൂര്‍ണ്ണ അപ്പാര്‍ട്ട്‌മെന്റില്‍ ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഇദ്ദേഹത്തിന്റെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വൈകിട്ട് അപ്പാര്‍ട്ട്‌മെന്റ് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

20 വര്‍ഷമായി സുരേഷ് ചെന്നൈയിലാണ് താമസിക്കുന്നത്. ചൈന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ് ഭാര്യ. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.